District News
കോഴഞ്ചേരി: ഓണം നാളുകൾ സമാഗതമായതോടെ പട്ടണ, ഗ്രാമ പ്രദേശങ്ങളില് വസ്ത്രവിപണി സജീവമായി. പച്ചക്കറി, പലചരക്ക്, പഴവര്ഗ വിപണിയേക്കാള് ഇത്തവണ ഓണ വസ്ത്രവ്യാപാര മേഖല സജീവമായിട്ടുണ്ട്. നേരത്തേ പട്ടണങ്ങളിലായിരുന്നു തിരക്കെങ്കില് ഇക്കുറി നാട്ടിന്പുറങ്ങളിലെ വസ്ത്രശാലകളിലും തിരക്ക് തുടങ്ങി. തമിഴ്നാട്ടില് നിന്നുള്ള കച്ചവടക്കാര് ഓണക്കോടി ഉള്പ്പെടെയുള്ള വസ്ത്രങ്ങളുമായി തവണ വ്യവസ്ഥയിലുള്ള വ്യാപാരവുമായി രംഗത്തുണ്ട്. കോളനികള്, അതിഥിത്തൊഴിലാളികള് തിങ്ങിപ്പാര്ക്കുന്ന ഇടങ്ങള് എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ വിപണനം. കോഴഞ്ചേരി, പുല്ലാട്, നാരങ്ങാനം, ഇരവിപേരൂര്, വെണ്ണിക്കുളം, തടിയൂര് തുടങ്ങിയ സ്ഥലങ്ങളിലും ഓണവ്യാപാരികളുടെ തിരക്കുണ്ട്.
ഓണാഘോഷങ്ങള്ക്ക് നിറപ്പകിട്ടേകുന്ന വസ്ത്രവിപണിയില് ജെന്സികളുടെ തിരക്കും ഏറിവരികയാണ്. വിലക്കുറവും ആകര്ഷകമായ സമ്മാനങ്ങളുമായാണ് വസ്ത്രവിപണിയിലേക്ക് യുവജനതയെയും വീട്ടമ്മമാരെയും ആകർഷിക്കുന്നത്. ഓണ്ലൈന് വ്യാപാരവും തകൃതിയാണെങ്കിലും കടകളില് നേരിട്ടെത്തി വസ്ത്രം തെരഞ്ഞടുക്കുന്നതാണ് ഇപ്പോഴത്തെ രീതി. പഴയ സ്റ്റോക്കുകള് വിറ്റഴിക്കാന് പറ്റിയ സമയവും ഓണം തന്നെ. തെരുവു കച്ചവടക്കാരും ഓണം പ്രമാണിച്ച് നിരത്തുകളില് സജീവം. ഡിസ്കൗണ്ട് നിരക്കുകളുമായി ഖാദി, കൈത്തറി വ്യാപാരവും ഉഷാറാണ്.
പുരുഷന്മാര്ക്കായി പരമ്പരാഗത ശൈലിയിലുള്ള മുണ്ടുകള്, കോട്ടണ് കൂര്ത്തകള്, കോട്ടണ് സില്ക് കൂര്ത്തകള്, മല്ഗോട്ടണ് കൂര്ത്തകള് ചേര്ന്ന കോംബോ ഓഫറുകള് എന്നിവയ്ക്കും ആവശ്യക്കാരേറെ. കഥകളി രൂപങ്ങള്. പൂക്കള്, കസവ് ഡിസൈന് എന്നിവ പ്രിന്റ് ചെയ്ത ഷര്ട്ടുകള് ഇത്തവണത്തെ പ്രധാന ആകര്ഷണമാണ്.
സ്ത്രീകള്ക്കായുള്ള മല്കോട്ടണ്, ഓര്ഗന്സ, ടിഷ്യൂ സാരികള് ഇപ്പോള് വിപണിയില് ട്രെന്ഡിംഗ് ആണ്. കസവ് സാരികള്, ധാവണി, പട്ട് പാവാട എന്നിവയുടെ പുതിയ സ്റ്റോക്കുകളും കടകളില് എത്തിയിട്ടുണ്ട്. കുത്താമ്പള്ളി, ബാലരാമപുരം മുണ്ടുകളും സാരികളും ഇപ്പോള് നാട്ടിൻപുറങ്ങളിലെ വസ്ത്രശാലകളിലും ലഭ്യമായിത്തുടങ്ങി. വസ്ത്ര വിപണിയില് പരമ്പരാഗ തനിമ നിലനിര്ത്തുന്ന ആധുനിക ഫാഷന് ട്രെന്ഡുകളാണ് ഇപ്പോള് തരംഗമാകുന്നത്.
ഓണാഘോഷത്തിന് ട്രെന്ഡി ലുക്ക് ഉള്ള വസ്ത്രങ്ങള്ക്കായി വിദ്യാര്ഥികളും തിരക്കു കൂട്ടുന്നുണ്ട്. ബ്ലോക്ക് പ്രിന്റഡ് കോട്ടണ് സാരികള്, ലെയര്ഡ് കൂര്ത്തകള്, സിംപിള് കൂര്ത്തി പാന്റ് സെറ്റുകള് എന്നിവയാണ് ഓണം കളറാക്കാന് വിദ്യാര്ഥികള് തെരഞ്ഞെടുക്കുന്നത്. കുടുംബത്തിലെ എല്ലാ അംഗങ്ങള്ക്കും ഒരേ ഡിസൈനിലുള്ള വസ്ത്രങ്ങള് തെരഞ്ഞെടുക്കുന്ന രീതിയും ഫാഷന് പ്രേമികളായ കുടുംബങ്ങള്ക്കിടയില് പതിവായിട്ടുണ്ട്. പകല് സമയങ്ങളില് മഴ മാറി നില്ക്കുന്നത് വിപണിയില് ആശ്വാസമാകുന്നുണ്ടെന്ന് വ്യാപാരികള് പറയുന്നു.
District News
കോട്ടയം: ഓണത്തിനും തിരുനക്കര ബസ് സ്റ്റാന്ഡില് കടകള് തുറക്കാന് സാധിക്കാതെ വ്യാപാരികള്.
തിരുനക്കരയിലെ ബസ് സ്റ്റാന്ഡിനുള്ളില് നിര്മിച്ച താത്കാലിക കടകളാണു തുറക്കാന് സാധിക്കാത 36 വ്യാപാരികള് ബുദ്ധിമുട്ടിലായിരിക്കുന്നത്.
2025 ജൂണ് 17നാണു ബസ് സ്റ്റാന്ഡില്നിന്ന് ഒഴിപ്പിച്ച വ്യാപാരികള്ക്ക് താത്കാലിക കടമുറികള് പണിയാന് ഹൈക്കോടതി അനുമതി നല്കിയത്. എന്നാല് ഡിസംബറില് കാലാവധി കഴിയുന്നതു വരെ അന്നത്തെ ഭരണാസമിതി കോടതി ഉത്തരവ് കൗണ്സിലില് ചര്ച്ചയ്ക്കു വച്ചില്ല. തുടര്ന്നു കൗണ്സിലിന്റെ കാലാവധി കഴിഞ്ഞതോടെ സെക്രട്ടറിയുടെ നിര്ദേശപ്രകാരം നഗരസഭയുടെ കെട്ടിടനിര്മാണ വിഭാഗം സ്ഥലപരിശോധന നടത്തി 36 കടമുറികള് പണിയാന് അനുമതി നല്കി. കടമുറികളുടെ നിര്മാണം പകുതിയായപ്പോള് നഗരസഭയില്നിന്നു സ്റ്റോപ്പ് മെമ്മോ നല്കി.
തുടര്ന്നു കെട്ടിടനിര്മാണ വിഭാഗം അംഗീകരിച്ച പ്ലാനില് പണിത കെട്ടിടത്തിന്റെ പകുതി ഭാഗം ചെയര്മാന് ഇടപെട്ടു പൊളിച്ചുമാറ്റിച്ചു. പൊളിച്ച ഭാഗം ചെയര്മാന്റെ നിര്ദേശപ്രകാരം വീണ്ടും പണിയിച്ചു. 36 വ്യാപാരികളും ഒരു ലക്ഷം രൂപയ്ക്കു മുകളില് മുതല്മുടക്കിയാണ് താത്കാലിക കടമുറികള് പൂര്ത്തിയാക്കിയത്. എന്നാല് ഓരോരുത്തരും നിര്മിച്ച കടമുറികള്, ആര്ക്കു കൊടുക്കണമെന്നും, അതിന്റെ നമ്പറുകള്, വാടക എന്നിവ നഗരസഭ തീരുമാനിച്ചശേഷം മാത്രം കടകള് തുറന്നാല് മതിയെന്നാണ് ചെയര്മാന്റെയും നഗരസഭാ ഭരണസമിതിയുടെയും നിര്ദേശം.
ഒരുവര്ഷത്തേക്കാണ് കടമുറികള് ജനുവരിയില് അനുവദിച്ചത്. ഇപ്പോള് എട്ടു മാസം കഴിഞ്ഞു. ഇനി കട തുറക്കാന് നഗരസഭയുടെ അനുമതി എന്നു കിട്ടുമെന്നറിയില്ല. അടിയന്തരമായി കടമുറികള് തുറക്കാനുള്ള നിര്ദേശം നഗരസഭയുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്ന് വ്യാപാരികള് ആവശ്യപ്പെട്ടു.
District News
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിൽ മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത് മണിക്കടവ് ടൗണിലെ വ്യാപാരികൾക്ക്. ടൗണിലെ ഭൂരിഭാഗം കടകളും വെള്ളത്തിനടിയിലായി. 37 ഓളം കടകളിൽ വെള്ളം കയറിയതിൽ ഒരു കോടിക്ക് മുകളിൽ നാശനഷ്ടം സംഭവിച്ചെന്ന് വ്യാപാരികൾ പറയുന്നു. കർണാടക വനമേഖലയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ പ്രളയജലം ഒഴുകിയെത്തി ടൗൺ മുഴുവൻ വെള്ളത്തിൽ മുങ്ങുകയായിരുന്നു.
മലകളിൽ നിന്നുള്ള മഴവെള്ളവും നീരുറവകളിലെ വെള്ളവും വയത്തൂർ പുഴയിലേക്ക് ഒഴുകാൻ കഴിയാതെ കെട്ടിനിന്നതോടെയാണ് മണിക്കടവ് ടൗൺ വെള്ളത്തിൽ മുങ്ങിയത്. പുഴയിലെ ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിൽ ഉയർന്നതാണ് നാശനഷ്ടം വ്യാപകമാകാൻ കാരണം. മുന്പും പലതവണ ടൗണിൽ വെള്ളം കയറിയിട്ടുണ്ടെങ്കിലും ഇത്തവണ നാശനഷ്ടം വ്യാപകമായിരുന്നു. 2018 ലെ പ്രളയത്തിൽ പോലും ടൗണിൽ ഇത്രയധികം നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.
ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത് സെന്റ് മരിയ ഹോട്ടലിനാണ്. ഹോട്ടലിലെ പാത്രങ്ങൾ ഉൾപ്പെടെ ഒഴുകിപ്പോയി. മറ്റ് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഫർണിച്ചറുകൾ ചെളി അടിഞ്ഞുകൂടി നശിച്ചു. ടൗണിലെ പുകപരിശോധന കേന്ദ്രത്തിലെ ഉപകരണങ്ങൾ വെള്ളം കയറിയതോടെ ഉപയോഗശൂന്യമായി. റേഷൻകടയിലെ 28 ചാക്ക് അരി, മൂന്ന് ചാക്ക് ഗോതമ്പ്, ഒരുചാക്ക് ആട്ട എന്നിവ നശിച്ചു. കംപ്യൂട്ടർ സെന്റർ, മലഞ്ചരക്ക് വ്യപാര കേന്ദ്രം, പലചരക്ക് കടകൾ, സ്റ്റേഷനറി കടകൾ , ബാർബർ ഷോപ്പ്, മെക്കാനിക്കൽ ഷോപ്പ്, ചിക്കൻ സ്റ്റാൾ, ടൈലറിംഗ് ഷോപ്പ്, ബേക്കറി, പോസ്റ്റ് ഓഫീസ് ഉൾപ്പെടെ വെള്ളത്തിനടിയിലായി.
ഭീമമായ നഷ്ടം പരിഹരിക്കാൻ സർക്കാർ ഉൾപ്പെടെ ഏജൻസികളുടെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് വ്യാപാരികൾ പറയുന്നു. ചെറുകിട വ്യാപാരികളെയാണ് നാശനഷ്ടം കൂടുതലായി ബാധിച്ചത്. കടകളിലെ ഒരു സാധനം പോലും ഉപയോഗിക്കാൻ കഴിയാത്ത സഹചര്യമാണ്. ബാങ്ക് ലോൺ ഉൾപ്പെടെയുള്ള വലിയ ബാധ്യതകളുള്ളവരാണ് പലരും. വീണ്ടും വലിയ തുകമുടക്കി കടകൾ പുനരാരംഭിക്കാൻ പലർക്കും കഴിയാത്ത സാഹചര്യമാണ്. വ്യാപാരികളുടെ നാശനഷ്ടം കണക്കാക്കി അടിയന്തിര സഹായം എത്തിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം. സ്ഥലം സന്ദർശിച്ച സജീവ് ജോസഫ് എംഎൽഎ അടിയന്തിര നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Kerala
പാലാ/ഈരാറ്റുപേട്ട: ജില്ലയിലുണ്ടായ മിന്നല് പ്രളത്തില് വ്യപാരികള്ക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. നിരവധി കടകളിലും ഗോഡൗണുകളിലും വെള്ളം കയറിയതോടെ ഭക്ഷ്യവസ്തുക്കള്, വൈദ്യുതോപകരണങ്ങള്, ഫര്ണിച്ചര്, വസ്ത്രങ്ങള്, രേഖകള് എന്നിവ നശിച്ചു.
വെള്ളം ഇറങ്ങിയതോടെ ഇന്നലെ മുതല് വ്യാപാരികളും ജീവനക്കാരും സന്നദ്ധ പ്രവര്ത്തകരും ചേര്ന്ന് ശുചീകരണം ആരംഭിച്ചു. ഈരാറ്റുപേട്ട നടയ്ക്കല്, വടക്കേകര, കടുവാമൂഴി, കുരിക്കള് നഗര്, എംഇഎസ് കവല, മറ്റക്കാട്, ചേന്നാട് കവല, പെരുന്നിലം എന്നി പ്രദേശങ്ങളിലാണ് മലവെള്ളപ്പാച്ചിലില് കുടുതലായി നാശം വിതച്ചത്.
നഗരസഭയിലെ 150ല്പ്പരം വ്യാപര സ്ഥാപനങ്ങളില് വെള്ളം കയറി സാധനങ്ങള് നശിച്ചു. 2018ലേക്കാള് രണ്ട് അടിയിലേറെ ജല നിരപ്പ് ഉയര്ന്നതായി വ്യാപാരികള് പറയുന്നു.
Kerala
പാലാ/ഈരാറ്റുപേട്ട: ജില്ലയിലുണ്ടായ മിന്നല് പ്രളത്തില് വ്യപാരികള്ക്കുണ്ടായത് അപ്രതീക്ഷിത തിരിച്ചടി. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള് പലർക്കും കോടിക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. കച്ചവടത്തിനായി സൂക്ഷിച്ച സാധനങ്ങളും കടകളിലെ ഫ്രിഡ്ജ്, ഫ്രീസര്, കംപ്യൂട്ടര്, പ്രിന്റര് തുടങ്ങിയ ഉപകരണങ്ങള്ളും നശിച്ചു.
ഇവയെല്ലാം പൂര്വസ്ഥിതിയിലേക്ക് എത്തിക്കണമെങ്കില് വലിയ ചെലവു വരും. ഏതാനും ദിവസങ്ങളും വേണ്ടിവരും. പാലാ, ഈരാറ്റുപേട്ട, മൂന്നിലവ്, കളത്തുക്കടവ്, പൂഞ്ഞാര്, തീക്കോയി, പ്ലാശനാല്, മുണ്ടക്കയം, പുത്തന്ചന്ത, മണിമല, എരുമേലി തുടങ്ങിയ പ്രദേശങ്ങളില് പ്രളയത്തിലും ഉരുള്പൊട്ടലിലും പെട്ട് നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളാണ് പൂര്ണമായും ഭാഗികമായും നശിച്ചുപോയത്.
പത്തനംതിട്ട: പത്തനംതിട്ടയിൽ വെള്ളം കയറി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായി ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും. സൂപ്പർ മാർക്കറ്റുകൾ, വസ്ത്രശാലകൾ, പലചരക്ക് വ്യാപാരികൾ, ബേക്കറികൾ, സ്റ്റേഷനറി, ഇലക്ട്രോണിക്സ് വ്യാപാരികൾ തുടങ്ങി ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങൾക്ക് നഷ്ടം വൻതോതിലാണ്. 2018 ൽ സകലതും നഷ്ടപ്പെട്ടവർ തിരികെ വ്യാപാര മേഖല പച്ചപിടിച്ചെത്തിയപ്പോഴാണ് വീണ്ടും ഒരു ദുരന്തം വേട്ടയാടിയിരിക്കുന്നത്.
Business
യുഎസ്-യൂറോപ്യൻ രാജ്യങ്ങൾ ക്രിസ്മസ്- ന്യൂ ഇയർ ആവശ്യങ്ങൾക്കുളള കുരുമുളക് സംഭരണത്തിനു രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണിയിൽ. മഴയുടെ വരവ് മുന്നിൽക്കണ്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചുക്കിൽ പിടിമുറുക്കാം. രാജ്യാന്തര റബർ അവധിയിൽ നിക്ഷേപകർ ലാഭമെടുപ്പിന് ഉത്സാഹിച്ചത് ബാങ്കോക്ക് അടക്കമുള്ള വിപണികളിൽ ഷീറ്റ് വിലയിൽ ചാഞ്ചാട്ടമുളവാക്കി. പശ്ചിമേഷ്യൻ സംഘർഷാവസ്ഥയ്ക്ക് അയവ് കണ്ടത് നേട്ടമാക്കാനുള്ള നീക്കത്തിലാണു തമിഴ്നാട്ടിലെ കൊപ്രയാട്ട് വ്യവസായികൾ.
യൂറോപ്പിലെയും അമേരിക്കയിലെയും വൻകിട സുഗന്ധവ്യഞ്ജന ഇറക്കുമതി സ്ഥാപനങ്ങൾ ക്രിസ്മസ് വരെയുള്ള ആവശ്യങ്ങൾ മുൻനിർത്തി കുരുമുളകിനു പുതിയ കരാറുകൾ ഉറപ്പിക്കാൻ നീക്കം തുടങ്ങി. മധ്യപൂർവേഷ്യൻ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത് കപ്പൽ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതു കയറ്റുമതി രാജ്യങ്ങൾക്കും നേട്ടമാവും. മുൻ നിര ഉത്പാദക രാജ്യങ്ങളിൽ ചരക്ക് സ്റ്റോക്ക് പരിമിതമാണ്. കാലാവസ്ഥ വ്യതിയാനങ്ങൾ നിമിത്തം ഇന്ത്യയിലും വിളവ് ചുരുങ്ങിയതിനാൽ കാർഷിക മേഖലകളിൽ മുളകിന്റെ നീക്കിയിരിപ്പ് ചുരുങ്ങി.
ആഗോള കുരുമുളക് വിപണിയിൽ പിന്നിട്ടവാരം പൊതുവേ സന്തുലിതമായ പ്രവണതയാണു ദൃശ്യമായത്. മുൻനിര കുരുമുളക് ഉത്പാദക രാജ്യങ്ങളിലെ നാണയങ്ങൾ യുഎസ് ഡോളറിനു മുന്നിൽ മികവ് കാണിച്ചത് ആഭ്യന്തര വിപണികൾക്ക് പിന്തുണ പകർന്നതു വിദേശ വ്യാപാര സാഹചര്യം ഒരുക്കുന്നു. ഇന്ത്യൻ മാർക്കറ്റും താരതമ്യേന സ്ഥിരത നിലനിർത്തി.
ഉത്തരേന്ത്യൻ ആവശ്യകത തുടരുന്നതും കാർഷിക മേഖല വരുത്തിയ ചരക്ക് നീക്ക നിയന്ത്രണങ്ങളും ഉത്പന്നത്തിനു പിന്തുണ പകരും. ഇറക്കുമതി ലോബി വിദേശ ചരക്ക് എത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്, എന്തായാലും ആഭ്യന്തര വില ഉയരുമെന്ന വിശ്വാസം തന്നെയാണ് ഇറക്കുമതിയിലേക്ക് അവരെ ആകർഷിക്കുന്നത്. മുന്നിലുള്ള ഉത്സവ സീസണിൽ ബംപർ കച്ചവടം ഉത്തരേന്ത്യൻ വ്യവസായികൾ കണക്കുകൂട്ടുന്നു.
വിയറ്റ്നാമിലെ കർഷകരും വൻ വില പ്രതീക്ഷിച്ച് ചരക്ക് നീക്കം കുറച്ചു. ആഗോള കുരുമുളക് കയറ്റുമതിയിൽ മുൻ നിരയിലുള്ള അവിടെ ലഭ്യത കുറയുന്നതു വിപണിയുടെ അടിത്തറയ്ക്ക് ശക്തിപകരും. കയറ്റുമതി ആവശ്യകത സ്ഥിരത പുലർത്തുമ്പോഴും കർഷകരുടെ പരിമിത വില്പന കുരുമുളകിനു താങ്ങാകും. ഇതിനിടയിൽ നാണയമായ ഡോങിന്റെ മൂല്യം ശക്തിപ്പെടുന്നത് കയറ്റുമതിക്കാരുടെ വില നിർണയത്തെ സ്വാധീനിക്കാം.
ഇന്തോനേഷ്യയിലെ പ്രമുഖ വിപണിയായ ജക്കാർത്തയിൽ വിദേശ വ്യാപാരങ്ങൾ പരിമിതമായിരുന്നു. ഉത്പാദന മേഖലയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ കർഷകർ നിരീക്ഷിക്കുന്നതിനാൽ പിന്നിട്ടവാരവും അവർ കരുതലോടെയാണു ചരക്ക് ഇറക്കിയത്. ബ്രസീലിയൻ നാണയമായ റിയലിന്റെ മൂല്യം ശക്തി പ്രാപിക്കുന്നതിനിടയിൽ കയറ്റുമതി മേഖല പുതിയ ക്വട്ടേഷനുകൾക്കുള്ള നീക്കത്തിലാണ്. ദക്ഷിണേന്ത്യൻ കാലാവസ്ഥ ശ്രീലങ്കയിലും നിലനിൽക്കുന്നതിനാൽ കർഷകർ കരുതൽ ശേഖരം ഇറക്കുന്നതിനു കാര്യമായ തിടുക്കം കാണിച്ചില്ല. ആഭ്യന്തര വിപണികളിൽ മുളക് ലഭ്യത പരിമിതമായത് കണക്കിലെടുത്ത് വിലയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 69,200 രൂപ.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 7700 ഡോളറാണ്. വിയറ്റ്നാം 6300 ഡോളറിനും ഇന്തോനേഷ്യ 6700 ഡോളറിനും ബ്രസീൽ 6000 ഡോളറിനും ശ്രീലങ്ക 6500 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ജൂൺ ആദ്യ പകുതിയിൽ മുംബൈ തീരം അണയേണ്ട തെക്കുപടിഞ്ഞാറൻ കാലവർഷം ഇക്കുറി ദുർബലമായി നീങ്ങുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കൃഷികളെ ബാധിക്കും. ഈ സ്ഥിതിയിൽ മാറ്റം സംഭവിച്ചില്ലെങ്കിലും ഖാരിഫ് വിള ഇറക്കുന്നതിൽനിന്നും പിൻതിരിയേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം കർഷകർ. മഴയുടെ വരവ് വൈകുന്നതിനാൽ ചുക്ക് സംഭരണത്തിന് ഉത്സാഹം കാണിക്കാതെ അകന്നു മാറിയ വാങ്ങലുകാർ സാവധാനം വിപണികളിലേക്ക് അടുക്കുന്നുണ്ട്. കൊച്ചിയിൽ മീഡിയം ചുക്ക് 28,000 രൂപയിലും ബെസ്റ്റ് ചുക്ക് 30,000 രൂപയിലാണു വ്യാപാരം നടക്കുന്നത്.
►►റബറിൽ ചാഞ്ചാട്ടം
ജപ്പാൻ ഒസാക്കയിൽ റബർ വില ചാഞ്ചാടി, പുതിയ നിക്ഷേപകർ രംഗത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ഉത്പാദക രാജ്യങ്ങൾ. വിപണിയുടെ സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ ലോങ് ടേം ചാർട്ടിൽ റബർ ബുള്ളിഷ് ട്രെൻഡിലാണ്. അതേ സമയം വിപണി ഓവർ ബോട്ട് മേഖലയിൽ എത്തിയത് തിരുത്തൽ സാധ്യതകൾക്ക് ശക്തിപകരാം. പോയവാരം കിലോ 437 യെന്നിൽ നിന്നും 448 യെൻ വരെ ഉയർന്ന ശേഷം വ്യാപാരാന്ത്യം റബർ 440 യെന്നിലാണ്.
അവധി വിലയിലെ ചാഞ്ചാട്ടം കണ്ട് തായ്ലൻഡിൽ ഉത്പന്ന വില കിലോ 303 രൂപയിൽനിന്നും 298ലേക്ക് താഴ്ത്തി. വിദേശ വിപണികളിലെ മാറ്റങ്ങൾക്കിടയിൽ ഇന്ത്യൻ ടയർ ലോബി ആഭ്യന്തര ഷീറ്റ് വില കിലോ 278 രൂപയിൽനിന്നും 272 ലേക്ക് ഇടിച്ചു. ജൂലൈയിൽ പുതിയ ഷീറ്റ് വില്പനയ്ക്ക് ഇറങ്ങുമെന്ന കണക്കുകൂട്ടലിലാണ് ഒരു വിഭാഗം വ്യവസായികൾ.
►►തിരിച്ചുവരവ് പ്രതീക്ഷിച്ച് വെളിച്ചെണ്ണ
മധ്യപൂർവേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് കണ്ടുതുടങ്ങിയതോടെ രാജ്യത്തെ വൻകിട കൊപ്രയാട്ട് വ്യവസായികൾ വിദേശ ഓർഡറുകൾക്ക് നീക്കം തുടങ്ങി. അറബ് രാജ്യങ്ങളിൽ നിന്നും വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരെത്തിയാൽ ഉത്പന്ന വിലയിൽ ഒരു തിരിച്ചുവരവിന് അവസരം ലഭിക്കും. ഏതാനും മാസങ്ങളായി നാളികേരോത്പന്നങ്ങൾ തുടർച്ചയായ വിലയിടിവിനെ അഭിമുഖീകരിക്കുകയാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 22,200 ലും കൊപ്ര 12,900 രൂപയിലുമാണ്.
►►അടക്കയ്ക്ക് താങ്ങ് കിട്ടുമോ?
അടക്കാ കർഷകർക്ക് താങ്ങ് പകരാൻ നികുതിഘടനയിൽ മാറ്റം ആവശ്യപ്പെട്ട് മംഗലാപുരത്ത് പ്രവർത്തിക്കുന്ന കാംപ്കോ. ഉത്തർപ്രദേശ് അടക്കയ്ക്ക് ഏർപ്പെടുത്തിയ നികുതി ഒഴിവാക്കിയാൽ കാർഷിക മേഖലയിൽ ഉണർവിന് അവസരം ലഭിക്കുമെന്നാണു കർണാടകത്തിലെ ഈ അർധസർക്കാർ സ്ഥാപനത്തിന്റെ വിലയിരുത്തൽ.
ഒന്നര ലക്ഷം കർഷകർ അംഗങ്ങളായുള്ള അവരുടെ നീക്കം വിജയിച്ചാൽ കർണാടകത്തിലെയും കേരളത്തിലെയും കവുങ്ങ് കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനാവും. അടയ്ക്ക ക്വിന്റലിന് 39,000 രൂപയിലാണ് ഇടപാടുകൾ നടക്കുന്നത്, നേരത്തേ അരലക്ഷം രൂപയ്ക്ക് മുകളിൽ അടക്കയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. ഉത്തരേന്ത്യൻ പാൻമസാല വ്യവസായികളാണ് അടക്ക ശേഖരിക്കുന്നത്.
National
ന്യൂഡൽഹി: ന്യൂസിലൻഡുമായി കേന്ദ്രസർക്കാർ ഒപ്പിട്ട സ്വാതന്ത്ര വ്യാപാരക്കരാറിലൂടെ കർഷകതാത്പര്യങ്ങൾ ആഗോളശക്തികൾക്കു പണയപ്പെടുത്തിയതായി അഖിലേന്ത്യ കിസാൻ സഭ .
മോദിസർക്കാർ മുന്പ് ഒപ്പിട്ട പല കരാറുകളുടെയും തുടർച്ചയാണു ഈ കരാറെന്നും കർഷകരോടുള്ള വിദ്വേഷവും സാമ്രാജ്യത്വത്തോടുള്ള വിധേയത്വവുമാണ് തെളിയുന്നതിനും സംഘടന കുറ്റപ്പെടുത്തി.
District News
ചങ്ങനാശേരി: പാചകവാതക ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി-വ്യവസായി സമിതി ചങ്ങനാശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില് ധര്ണയും നടത്തി. കെഎസ്ആര്ടിസി ജംഗ്ഷനില്നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില് സമാപിച്ചു. തുടര്ന്ന് വിറകടുപ്പ് കത്തിച്ച് പ്രതിഷേധിച്ചു.
വ്യാപാരി-വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി.കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജി. സുരേഷ് ബാബു, കെ.എ. അഷ്റഫ്കുട്ടി, ടി. അനീസ്, കെ.കെ. മോഹന്കുമാര്, നൗഷാദ് ഉമ്മര്, എ. നസീര്, എ.കെ. സുമോന് എന്നിവര് പ്രസംഗിച്ചു.
District News
കൽപ്പറ്റ: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ കമ്മീഷൻ പാക്കേജ് പരിഷ്കരിച്ചു. എല്ലാ ഘടകങ്ങളും ഉൾപ്പെടെ വേതന വർധനവ് 8,000 രൂപയിൽ അധികരിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണ് പരിഷ്കരണം. 2026 ജനുവരി മുതലാണ് പ്രാബല്യം.
45 ക്വിന്റലിന് മുകളിൽ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന വ്യാപാരികളുടെ അടിസ്ഥാന കമ്മീഷൻ 18,000 രൂപയിൽനിന്ന് 21,000 രൂപയായി വർധിപ്പിച്ചു. 45 ക്വിന്റലിനു മുകളിൽ വിതരണം ചെയ്യുന്ന ഓരോ ക്വിന്റലിനും 200 രൂപ നിരക്കിൽ സപ്പോർട്ടീവ് പേയ്മെന്റ് ലഭിക്കും. ഇത് 8,000 രൂപയിൽ കൂടരുത്. വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് 15 ക്വിന്റലിന് മുകളിൽ 45 ക്വിന്റൽ വരെ ആണെങ്കിൽ 9,000 രൂപയാണ് അടിസ്ഥാന കമ്മീഷൻ. വിതരണം ചെയ്യുന്ന ഓരോ ക്വിന്റലിനും 270 രൂപ സപ്പോർട്ടീവ് പേയ്മെന്റ് ലഭിക്കും.
പരമാവധി കമ്മീഷൻ 21,000 രൂപയായിരിക്കും. വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് 15 ക്വിന്റൽ വരെ ആണെങ്കിൽ 6,800 രൂപയായിരിക്കും അടിസ്ഥാന കമ്മീഷൻ.
റേഷൻ വ്യാപാരികൾ ദീർകാലമായി ആവശ്യപ്പെടുന്നതാണ് കമ്മീഷൻ പരിഷ്കരണം. സർക്കാർ ചുമതലപ്പെടുത്തിയ റേഷനിംഗ് കണ്ട്രോളർ, ലോ ഓഫീസർ, വിജിലൻസ് ഓഫീസർ എന്നിവരടങ്ങിയ മൂന്നംഗ സമിതി റേഷൻ വ്യാപാരികളുടെ സാന്പത്തികവും നിയമപരവും ഭരണപരവുമായ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു
Kerala
തൃശൂർ: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കടകളും സംരംഭങ്ങളും നഷ്ടപ്പെട്ടവർക്കും സർക്കാർ ധനസഹായം നൽകുമെന്നു മന്ത്രി കെ. രാജൻ.
2025 ജൂലൈ 30നു ചേർന്ന യോഗത്തിൽ നഷ്ടപരിഹാരം സംബന്ധിച്ചു പഠിക്കാനായി വയനാട് ജില്ലാ കളക്ടറെയും ജില്ലാ വ്യവസായവകുപ്പിന്റെ മേധാവിയെയും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെയും ചുമതലപ്പെടുത്തിയിരുന്നു. ഒരു സബ് കമ്മിറ്റി നിശ്ചയിച്ച് റിപ്പോർട്ട് സർക്കാരിലേക്കു നൽകി. ഈ റിപ്പേർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ പരമാവധി സഹായം നൽകാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
ദുരന്തത്തിൽ 52 കടയുടമകളുടെ 126 കടമുറികളാണുനഷ്ടമായത്. 126 കടമുറികളിൽ 52 കടയുടമകളുടെ ഓരോ കടമുറിക്ക് ഏഴു ലക്ഷം രൂപയും അതിൽ കൂടുതൽ വരുന്ന ഓരോ കടമുറികും 2.5 ലക്ഷം രൂപ വീതവും നൽകുമെന്നും മന്ത്രി അറിയിച്ചു.
72 പേരുടെ 83 സംരംഭങ്ങൾ അവിടെ ആരംഭിച്ചിരുന്നതായും അതിൽ ഇൻഡസ്ട്രിയൽ രംഗത്തുള്ള സംരംഭങ്ങൾക്കു നഷ്ടത്തിന്റെ 50 ശതമാനം തുകയോ ഏറ്റവും കൂടിയത് 20 ലക്ഷം രൂപയോ നൽകാനും കൊമേഴ്സ്യൽ സർവീസ് രംഗത്തുള്ള സംരംഭങ്ങൾക്കു നഷ്ടത്തിന്റെ 50 ശതമാനം തുകയോ ഏറ്റവും കൂടിയാൽ പത്തുലക്ഷം രൂപയോ നൽകാനും ട്രേഡ് രംഗത്തുള്ള സംരംഭങ്ങൾക്കു നഷ്ടത്തിന്റെ 50 ശതമാനം തുകയോ ഏറ്റവും കൂടിയത് ഏഴു ലക്ഷം രൂപയോ നൽകാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നെടുത്തായിരിക്കും ആ പണം ലഭ്യമാക്കുക.
കഴിഞ്ഞതവണ ദുരന്തബാധിതരുടെ വായ്പമേലുള്ള പലിശ എഴുതിത്തള്ളണമെന്ന സർക്കാരിന്റെ അഭിപ്രായം ബാങ്കുകൾ പൊതുവായി അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. സിബിൽ സ്കോർ കുറയുന്നത് ഒഴിവാക്കുന്ന കാര്യവും പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
National
ന്യൂഡൽഹി: റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന ട്രംപിന്റെ അവകാശവാദത്തിൽ വ്യക്തമായ മറുപടി നൽകാതെ വിദേശകാര്യ മന്ത്രാലയം. മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ ഇതേക്കുറിച്ച് ചോദ്യമുയർന്നെങ്കിലും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.
140 കോടി ഇന്ത്യക്കാരുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും നിരവധി തവണ ഇതു സംബന്ധിച്ച് പ്രസ്താന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സാഹചര്യങ്ങളും വിപണി നിലവാരവും അനുസരിച്ച് ഊർജ സ്രോതസുകൾ വൈവിധ്യവൽക്കരിക്കുക എന്നതാണ് ഇന്ത്യയുടെ തന്ത്രം. ഇന്ത്യയുടെ എല്ലാ തീരുമാനങ്ങളും ഇതിനനുസരിച്ചാണ്.
വെനസ്വേലയുമായി ഇന്ത്യക്ക് ദീർഘകാലമായി പങ്കാളിത്തമുണ്ടെന്നും ലാഭകരമാണെങ്കിൽ അവിടെ നിന്നോ മറ്റുസ്ഥലങ്ങളിൽനിന്നോ എണ്ണ വാങ്ങാൻ ഇന്ത്യ തയാറാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനാലാണ് മുന്പ് വെനസ്വേലയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നത് നിർത്തേണ്ടിവന്നത്. വെനസ്വേല ഉൾപ്പെടെ ഏതുരാജ്യത്തുനിന്നുമുള്ള എണ്ണ വിതരണത്തിന്റെ വാണിജ്യ നേട്ടങ്ങൾ ഇന്ത്യ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസം ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായാണ് റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമായി കുറച്ചതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. യുഎസുമായുള്ള വ്യാപാരക്കരാർ പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്ഥിരീകരിച്ചു. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമോ എന്നതിൽ പ്രധാനമന്ത്രിയോ സർക്കാരോ വ്യക്തത നൽകിയില്ല. അതേസമയം, എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം.
Business
കൊച്ചി: കേന്ദ്ര ബജറ്റില് സ്വര്ണത്തിന്റെ ജിഎസ്ടി നിരക്കും ഇറക്കുമതി ചുങ്കവും കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വര്ണ വ്യാപാരികള്.
കാഷ് പര്ച്ചേസ് പരിധി നാലു ലക്ഷം രൂപയാക്കുക, ബുള്ളിയന് ബാങ്ക് രൂപീകരിക്കുക, ജനങ്ങളുടെ കൈവശമുള്ള സ്വര്ണം ബുള്ളിയന് ബാങ്കില് നിക്ഷേപിക്കാനും അത് ഗോള്ഡ് മെറ്റല് ലോണായി സ്വര്ണ വ്യാപാരികള്ക്ക് ഫലപ്രദമായി നല്കാനും സൗകര്യം നല്കുക, സ്വര്ണം വാങ്ങുന്നവര്ക്ക് ഇഎംഐ സൗകര്യവും ഉപഭോക്തൃവായ്പാ സൗകര്യവും ഏര്പ്പെടുത്തുക, ആഭരണ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുകിട നാമമാത്ര ജ്വല്ലറികള്ക്ക് മതിയായ വായ്പാ സൗകര്യം ഏര്പ്പെടുത്തുക, മൂലധന നേട്ടങ്ങളുടെ ആദായ നികുതി കുറയ്ക്കുക എന്നിവ കേന്ദ്ര ബജറ്റില് പ്രാവര്ത്തികമാക്കണമെന്ന് ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് ജനറല് സെക്രട്ടറി അഡ്വ.എസ്. അബ്ദുള് നാസര് ആവശ്യപ്പെട്ടു.
Kerala
കായംകുളം: ക്രിസ്മസും പുതുവർഷാഘോഷങ്ങളും കഴിഞ്ഞിട്ടും കോഴിയിറച്ചിയുടെ വില കുറയാത്തത് ഇറച്ചിക്കോഴി വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ഇന്നത്തെ വില കിലോയ്ക്ക് 178 ആണ്. ചിലയിടങ്ങളിൽ വില 180 മുകളിലാണ്.
വില കുതിച്ചുകയറിയതുമൂലം പല ചില്ലറ വിൽപ്പന കേന്ദ്രങ്ങളും ഇപ്പോൾ വിൽപ്പന നിർത്തി അടച്ചിടുന്ന അവസ്ഥവരെ എത്തിയിരിക്കുകയാണ്. കോഴിയിറച്ചി വിലകൂടിയത് മൂലം ഹോട്ടൽ വ്യാപാര മേഖലയും പ്രതിസന്ധിയിലായി.
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ആശങ്ക സൃഷ്ടിച്ചെങ്കിലും കോഴി വില ഉയർന്നുതന്നെ നിൽക്കുകയാണ്. ജില്ലയിൽ പക്ഷിപ്പനി സമയങ്ങളിൽ കോഴി വില സാധാരണ ഇടിയുകയാണ് പതിവ്. എന്നാൽ കോഴി വില വർധിക്കുകയാണ് ഉണ്ടായത്. വരുംദിവസങ്ങളിൽ വിലകൂടി ഇരുനൂറിന് മുകളിൽ എത്താനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.
തമിഴ്നാട് ലോബിയുടെ നിയന്ത്രണത്തിലുള്ള വൻകിട കോഴിഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കോഴി വില അന്യായമായി വർധിപ്പിക്കുകയാണെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
വില നിയന്ത്രിച്ചില്ലെങ്കിൽ ചെറുകിട വ്യാപാരികൾ കടകൾ പൂർണമായി അടച്ചിടുമെന്ന് മുന്നറിയിപ്പും നൽകി കഴിഞ്ഞു. എന്നാൽ ഉത്പാദനം കുറഞ്ഞതും ആവശ്യക്കാർ ഏറിയതുമാണ് വില വർധനവിന് കാരണമെന്ന് ആൾ കേരള പൗൾട്രി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്.കെ. നസീർ പറഞ്ഞു.
District News
തൃശൂർ: കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്ന്ന് ഗുരുവായൂരില് വ്യാപാരി ജീവനൊടുക്കി. മുസ്തഫ എന്നയാളെയാണ് മരിച്ച നിലയില് കണ്ടെത്തിയത്.
പ്രഹ്ളേഷ്, വിവേക് എന്ന രണ്ട് പലിശക്കാര്ക്കെതിരെയാണ് കുടുംബത്തിന്റെ ആരോപണം. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ മുസ്തഫയില് നിന്ന് കൊള്ളപ്പലിശക്കാര് വാങ്ങിയെടുത്തെന്നാണ് ആക്ഷേപം. മുസ്തഫയുടെ സ്ഥലവും ഭീഷണിപ്പെടുത്തി എഴുതി വാങ്ങി.
20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങി അഞ്ച് ലക്ഷം രൂപയുടെ മതിപ്പുകാട്ടുകയായിരുന്നു. പോലീസില് പരാതി നല്കിയിട്ടും കൊള്ള പലിശക്കാര്ക്ക് എതിരെ നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിച്ചു.
അതേസമയം, പലിശക്കാരില് നിന്ന് കടുത്ത നേരിട്ടിരുന്നതായി മുസ്തഫയുടെ ബന്ധുക്കള് പറഞ്ഞു. കച്ചവട സ്ഥാപനത്തില് കയറി പലിശക്കാര് പണം പലവട്ടം എടുത്തുകൊണ്ടു പോയി. പലിശ തുക കുറഞ്ഞതിന് ഭാര്യക്കും മകനും മുന്നിലിട്ട് മര്ദിച്ചു. വാടക വീട്ടിലെത്തിയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മുസ്തഫയുടെ മക്കളായ ഷിയാസും ഹക്കീമും പറഞ്ഞു.
ഒരു ദിവസം 8000 രൂപ പലിശ മാത്രം കൊടുക്കണം. അതില് 6000 രൂപ കൊടുത്തു, 2000 രൂപ കുറഞ്ഞ് പോയെന്ന് പറഞ്ഞ് ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് ചേട്ടനെ അസഭ്യം പറഞ്ഞു. ആശുപത്രിയില് കിടക്കുമ്പോള് പോലും ഭീഷണിപ്പെടുത്തി മര്ദിച്ചു – സഹോദരന് ഹക്കിം പറഞ്ഞു.